പേജുകള്‍‌

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

നിന്‍റെ വിഷാദകാലത്തിന്

ഇനിനിന്‍ ഞരമ്പറുത്തെന്നില്‍ ബന്ധിക്കുക, വിഷാദ
വിഷലിപ്ത നിണമരിക്കട്ടെ എന്നമര കോശങ്ങള്‍ 
മിഴിയടര്‍ത്തൂ നീയാ മഴരാവിന്‍ വിജനതയില്‍
പെയ്തു തീരട്ടെ ഇനിയതു നിശബ്ദമായ്
പറയരുതടക്കം നീല വഴിനിഴലുകളോടവ 
വഴിവിളക്കപ്പുറം തങ്ങളില്‍ വഞ്ചിച്ചോട്ടെ
വരിക എന്നരികിലീ ഇരവിനാര്‍ദ്രതയിലൊരു
നിശാഗന്ധി പോളനീര്‍ത്തുമൊരു മൃദുസ്വരം  
നമുക്കത്  കതോര്‍ത്തിടാം
മിഴികളെഴുതൂ നീയീ പുതിയ സ്വപ്നങ്ങളാല്‍
പോയിമറയെട്ടേ  കണ്‍തടങ്ങളിന്‍ ഇരുളിമ
ഇലകള്‍ പാതി കൊഴിച്ചു മരങ്ങളും
കുളിരുപേറുമീ  മഞ്ഞിന്‍  ശിശിരവും,
ഒരു ശിലപോലുറഞ്ഞു ഞാനും  
ഒരുസുഷുപ്തിയില്‍ മെനയും കിനാക്കളില്‍
പുതുവസന്തവും, അതില്‍ വിഷാദത്തിന്‍
പടമുരിഞ്ഞൊരു ശലഭമായ് നീയും

2010 സെപ്റ്റംബർ 11, ശനിയാഴ്‌ച

വെളുത്ത പട്ടങ്ങള്‍

വെടിതുളച്ചു തകര്‍ന്ന ചുമരുകള്‍
അടിയടര്‍ന്നു ദ്രവിച്ച തൂണുകള്‍
നിഴലു പോലെ ചരിഞ്ഞുനില്‍ക്കുമീ-
ദുരിതഭവന വാതയാനത്തിലൂടിരു-
കൈപ്പടം നെറ്റിയില്‍ ചേര്‍ത്തു
തെരുവിലേക്കുറ്റു നോക്കി നില്‍ക്കുന്ന നിന്‍
മിഴി തിരയുന്നതെന്തിനെയായിടാം 

നിന്‍റെ തിമിര വളയത്തിനിരുപുറവും ലോകം
കനവും സത്യവുമായി തിരിഞ്ഞിരിക്കുന്നു
നിറം വാര്‍ന്നു  പോയൊരു  ചിത്രംപോലീ
ഈ തെരുവു നന്നേ നരച്ചിരിക്കുന്നു
ചുവരിനപ്പുറം ജാലക പടിയിലുറപ്പിച്ചോരെന്ത്രതോക്കിന്‍- 
പിന്നിലൊരു  ജഡം നിന്‍റെ കവലായിരിക്കുന്നു 

ഇലകരിഞ്ഞ മരത്തിലിരുന്നെന്ത്രക്കുരുവി-
ചാരക്കണ്ണൊരുവലത്തു ചുഴിഞ്ഞു നോക്കി
ഒരു ചൂളം കുത്തി അടയാളം വച്ചു.
അതും പാട്ടെന്നു നിനച്ചുനീ ചിരിച്ചതു-
കേട്ടാ കിളി പറന്നു പോയി

പൊടിപടലങ്ങള്‍ അടങ്ങുമ്പോള്‍ നിന്‍റെ
മിഴികള്‍ക്കു മുന്‍പില്‍ തെളിയുന്നതൊരു
വെടിയുതിര്‍ത്തു പഠിക്കുന്ന  ബാല്യം
അവശിഷ്ടങ്ങളില്‍ കളഞ്ഞുപോയൊരു
മാതൃത്വം തിരഞ്ഞു വിലപിച്ചോരമ്മ 
പിന്നെയൊരു വമ്പന്‍മതില്‍ അതിന്നുമപ്പുറം
വെളുത്ത പട്ടങ്ങള്‍ ഉയര്‍ന്നു പറക്കുന്നു.