പേജുകള്‍‌

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

പിരിയാന്‍ മനസ്സില്ലാത്തവര്‍

ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ  ചിരിച്ചത്

നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍  തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്

ഒടുക്കം  പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍  പൂക്കള്‍ വിരിഞ്ഞത്

നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്

പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത് 

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

നമ്മള്‍ ഏറ്റവും പ്രണയിച്ചത്

പതിഞ്ഞും പതഞ്ഞും പെയ്തു തോരാതെ
എന്നിലേക്ക്‌ തന്നെ പെയ്തു
വീണോരെന്‍റെ മഴയാണ് നീ
നിന്നില്‍ കുതിര്‍ന്നു അലിഞ്ഞലിഞ്ഞു
ആര്‍ദ്രമായൊരു തൊണ്ടിനുള്ളില്‍
സമാധിയില്‍ ഞാനും
തമ്മില്‍ പുണര്‍ന്നു ഹൃദയത്തോളം
കിനിഞ്ഞിരങ്ങുന്നതിനു തൊട്ടു മുന്‍പാണ്‌
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പെയ്തു പെയ്തൊരു തുള്ളി മാത്രം
ബാക്കിയപ്പോള്‍ മുളച്ചുവന്നൊരു
പുല്‍ക്കൊടിയാണ് ഞാന്‍
എന്നിലത്തുമ്പില്‍ തിളങ്ങിനിന്നു നീ
ഒരു ശൂന്യതയും നിലര്‍ത്താതെ
ഖനീഭവിച്ചു പോകും വരെ കാലം
നമുക്കുചുറ്റും നിശ്ചലമായിരുന്നു

2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പ്രവാസി

മുഷ്ടിക്കുള്ളില്‍ സ്ഖലിച്ചുപോയോരിരവിനെ ശപിച്ചു
സമവായങ്ങളില്ലാത്ത പകല്‍ 
പാഞ്ഞുപോകുന്ന മിനിബസിന്‍റെ
സ്ഫടിക ജാലകത്തിലൂടെ
എയ്തുവിട്ടോരോര്‍മ്മയനെനിക്ക് നീ   
അടച്ചിട്ട കുളിമുറിക്കുള്ളിലെ 
അടക്കിപ്പിടിച്ചോരു ഗദ്ഗദം 
ചുട്ടുപൊള്ളുന്ന പകലിന്‍റെ ഉച്ചിയിലേക്ക്
ആത്മാക്കളെ ഇഴചേര്‍ത്തു പിരിച്ചു 
സ്വപ്നങ്ങളെല്ലാം കൊരുത്തുവിട്ടപ്പോള്‍
പുറം കണ്ണില്‍ ഉപ്പുനിറഞ്ഞു-
അകം കണ്ണുപോട്ടിപ്പോയോന്‍
അടുക്കു പാത്രത്തില്‍ അടക്കം ചെയ്ത
കുമിഞ്ഞ ചോറിന്‍റെ ഗന്ധമാണെനിക്കിന്ന്  
നിസ്സഹായതയില്‍  അത്തര്‍  പുരട്ടി
നിന്നെ നോക്കി വെളുക്കെചിരിച്ചോന്‍
കറ വീണ കണ്ണാടിക്കു മുന്നിലും
എന്നെത്തന്നെ വഞ്ചിച്ചോന്‍
നീ നിനച്ചവനല്ല ഞാന്‍,
പ്രവാസി.............